തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ സാഖറെയാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിര്‍ബന്ധമായിരിക്കണം. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എഡിജിപിയുടെ സര്‍ക്കുലര്‍.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2994 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 782 കേസുകള്‍. എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി 3000 ന് മുകളിലായാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചക്കിടെ 40 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാസ്ക് ഉപയോഗം കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ