ബാഗ്പത്: പൊലീസ് റെയ്ഡും അറസ്റ്റും ഭയന്ന് ഉത്തർപ്രദേശിലെ ബാഗ്പത്തിൽ സ്ത്രീയും അവരുടെ രണ്ട് പെൺമക്കളും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സ്ത്രീയുടെ മകൻ ഒരു പെൺകുട്ടിയുമായി ഒളിച്ചോടിതിനെ തുടർന്ന് വീട്ടിൽ പൊലീസ് റെയ്ഡും അറസ്റ്റും ഭയന്നാണ് കുടുംബം കൂട്ടആത്മഹത്യ ചെയ്തത്. അനുരാധയുടെ മകൻ പ്രിൻസ് പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് മെയ് 25 ന് ഭാഗ്പത് ജില്ലയിലെ ബച്ചോദ് ഗ്രാമത്തിലെത്തിയ പൊലീസ് അനുരാധയുടെ വീട് റെയ്ഡ് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മകനെയും പെൺകുട്ടിയെയും കണ്ടെത്തിയില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമെന്ന് ഭയന്നാണ് അനുരാധയും പെൺമക്കളായ പ്രീതിയും സ്വാതിയും ജീവിതം അവസാനിപ്പിച്ചത്.
പൊലീസെത്തിയാണ് സ്ത്രീകളെ ഛപ്രൗളിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ ഇവരെ പിന്നീട് മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ മൂന്ന് പേരും മരിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജ് കമൽ പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ