കൊച്ചി: തൃക്കാക്കര ഇടതുമുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിലുള്ള അശ്ലീല വീഡിയോക്ക് പിന്നില്‍ യു.ഡി.എഫ് എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പരാജയഭീതി കാരണം നികൃഷ്ടമായ രീതിയില്‍ യു.ഡി.എഫ് ആസൂത്രണം ചെയ്തതാണ് ഈ വീഡിയോ എന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
‘വ്യാജ അശ്ലീല വീഡിയോ പ്രചാരണം തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.
കനത്ത പോളിങ് എല്‍.ഡി.എഫിന് അനുകൂലമാണ്. എല്‍.ഡി.എഫ് മികച്ച വിജയം നേടും. ബി.ജെ.പി വോട്ട് യു.ഡി.എഫിന് അനുകൂലമായി മാറുമോയെന്ന് കണ്ടറിയാം,’ കോടിയേരി കൂട്ടിച്ചേര്‍ത്തു.
അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാളെ പിടികൂടിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
യു.ഡി.എഫ് കേന്ദ്രത്തില്‍ നിന്നാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിരിക്കുകയാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയാണ് ചെയ്യേണ്ടതെന്നും എം. സ്വരാജ് പ്രതികരിച്ചു.
എല്‍.ഡി.എഫ് സ്ഥാര്‍നാര്‍ഥിയെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നും സ്വരാജ് പറഞ്ഞു.
ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത കേസില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പൊലീസ് പിടിയിലായത്.
കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ടിലൂടെയാണ് അബ്ദുള്‍ ലത്തീഫ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
വ്യാജ വീഡിയോ കേസില്‍ തൃക്കാക്കര സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐ.ഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുന്‍ എം.എല്‍.എ എം. സ്വരാജ് നല്‍കിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ