ന്യൂദല്‍ഹി: ഗ്യാന്‍വാപി വിഷയത്തില്‍ വാരണാസി സിവില്‍ കോടതി വിഭജന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നുവെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ്.
വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്തിന്റെ സമാധാനത്തിനും അഖണ്ഡതയ്ക്കും ഭംഗം വരുത്തുമെന്നും ജമിയത്ത് ഉലമ-ഇ-ഹിന്ദ് പറഞ്ഞു.
‘1947 ആഗസ്ത് 15-ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങള്‍ അതേപടി നിലനില്‍ക്കുമെന്ന് അനുശാസിക്കുന്ന ആരാധനാ നിയമത്തെ വാരാണസി സിവില്‍ കോടതി അവഗണിച്ചു. ബാബരി മസ്ജിദ് സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിയും അവര്‍ പാടേ അവഗണിച്ചു,’ ജമിയത്ത് ആരോപിച്ചു.
അയോദ്ധ്യാ പ്രശ്‌നം ഇതിനകം തന്നെ രാജ്യത്തിന്റെ സാമൂഹിക സൗഹാര്‍ദത്തെയും സമാധാനപരമായ സാമുദായിക ഘടനയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഈ സംഘര്‍ഷങ്ങള്‍ കൂടുതല്‍ ഏറ്റുമുട്ടലിനും ഭൂരിപക്ഷ ആധിപത്യത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിനും വഴിവെച്ചുവെന്നും ജമിയത്ത് പ്രമേയത്തില്‍ വ്യക്തമാക്കി.
‘പഴയ വിവാദങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നതും ചരിത്രപരമായ തെറ്റുകള്‍ എന്ന് വിളിക്കപ്പെടുന്നവ തിരുത്താന്‍ ശ്രമിക്കുന്നതും രാജ്യത്തിന് അപമാനമാണ്.
ബാബരി മസ്ജിദിനെക്കുറിച്ചുള്ള വിധിയില്‍ സുപ്രീംകോടതി ആരാധന നിയമത്തെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആത്മാവായി വിശേഷിപ്പിച്ചിട്ടുണ്ട്.
മുന്‍കാലങ്ങളിലെ വിവാദ വിഷയങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വിട്ടുനില്‍ക്കണമെന്ന സന്ദേശമാണ് സുപ്രീംകോടതിയുടെ ഈ വിധി വ്യക്തമായി നല്‍കുന്നത്. എങ്കില്‍ മാത്രമേ അത് ഭരണഘടനയോടുള്ള നമ്മുടെ വാഗ്ദാനങ്ങള്‍ വീണ്ടെടുക്കൂ, അല്ലാത്തപക്ഷം അതിനെ ഭരണഘടനയോടുള്ള വലിയ വിശ്വാസമില്ലായ്മ എന്ന് വിളിക്കും,’ ജമിയത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം മുസ്‌ലിം യുവാക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതായും ജമിയത്ത് അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ