കൊച്ചി: പി.സി. ജോര്‍ജ് യൂദാസന്‍മാരുടെ പീഡനമേറ്റുവാങ്ങിയ ആളെന്ന് തൃക്കാക്കര എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍.
യൂദാസുകളായ പിണറായി വിജയനും വി.ഡി. സതീശനും ചേര്‍ന്നാണ് പി.സി. ജോര്‍ജിനെ ക്രൂശിച്ചതെന്നും എ.എന്‍. രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘പി.സി. ജോര്‍ജ് തൃക്കാക്കരയില്‍ എത്താതിരിക്കാന്‍ മൂന്നും നാലും തവണയാണ് പിണറായി വിജയനും വി.ഡി. സതീശനും നോട്ടീസ് കൊടുത്തത്. ഇത് എന്ത് ജനാധിപത്യമാണ്,’ അദ്ദേഹം പറഞ്ഞു.
ക്രൈസ്തവര്‍ക്കെതിരെയും, ഹിന്ദുക്കള്‍ക്കെതിരെയും പറയുമ്പോള്‍ വി.ഡി. സതീശന്റെ കോണ്‍ഗ്രസും പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ച് നില്‍ക്കുന്നുവെന്നും എ.എന്‍. രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പി.സി. ജോര്‍ജ് ഇന്നലെ എത്തിയിരുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും ഇടതുപക്ഷവും താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യസ്നേഹമുള്ളവര്‍ മോദിജിയ്ക്ക് പിന്തുണ കൊടുത്തുകൊണ്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കും,’ പി.സി. ജോര്‍ജ് പറഞ്ഞു.
അതേസമയം വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന പി.സി. ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും.
നിയമോപദേശം ലഭിച്ച ശേഷം കോടതിയെ സമീപിക്കാനാണ് തീരുമാനം. പി.സി. ജോര്‍ജ് ജാമ്യ ഉപാധി ലംഘിച്ചുവെന്നു പൊലീസ് കോടതിയെ അറിയിക്കും.
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പി.സി.ജോര്‍ജിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അത് വകവെയ്ക്കാതെയാണ് ജോര്‍ജ് തൃക്കാക്കരയില്‍ എന്‍.ഡി.എ പ്രചാരണത്തിനിറങ്ങിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ