തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എ.സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
താല്‍കാലിക അധ്യാപകരുടെ നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്‌കൂളുകളില്‍ പി.ടി.എ നടത്തുന്ന താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണം. യോഗ്യതയുള്ളവരെ എംപ്ലോയ്‌മെന്റുകള്‍ വഴി നിയമിക്കുമ്പോള്‍ പി.ടി.എ നിയമിച്ചവരെ ഒഴിവാക്കുമെന്നും ശിവന്‍കുട്ടി വിശദീകരിച്ചു.
എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് എ.കെ. ബാലന്‍ നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നുമായിരുന്നു എ.കെ. ബാലന്റെ പ്രസ്താവന.
വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും സി.പി.ഐ.എമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും കോടിയേരി ബാലകകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ എയ്ഡഡ് സ്‌കൂള്‍ നിമയനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തെ എതിര്‍ത്ത് എന്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടാല്‍ തങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
അതേസമയം എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് ഡൂള്‍ ന്യൂസ് നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമന അനീതിക്കെതിരെ ഒരു ബഹുജന പ്രസ്ഥാനം ഉയര്‍ന്നുവരേണ്ടതുണ്ടെന്നാണ് സുനില്‍ പി. ഇളയിടം പ്രതികരിച്ചത്.
‘എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നത് സാമൂഹ്യ നീതിയുടെ അടിസ്ഥാന ഘടകമാണെന്നാണ് ഞാന്‍ കരുതുന്നത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും നികുതിപ്പണം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍, സംവരണം അടക്കമുള്ള ഭരണഘടനാപരമായ അടിസ്ഥാന കാര്യങ്ങള്‍ പാലിക്കുന്നില്ലെന്ന് എത്രയോ പതിറ്റാണ്ടുകളായി നമ്മള്‍ കാണുന്നതാണ്,’ അദ്ദേഹം പറഞ്ഞു.
എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക എന്നത് കേരളത്തെ ജനാധിപത്യവത്കരിക്കാന്‍ കെല്‍പുള്ള മുദ്രാവാക്യമെന്നായിരുന്നു സണ്ണി എം. കപിക്കാടിന്റെ പ്രതികരണം.
എയ്ഡഡ് മേഖല എന്ന് നമ്മള്‍ വിളിക്കുന്ന, സര്‍ക്കാര്‍ ഫണ്ടിലൂടെ നിലനില്‍ക്കുന്ന സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി വഴിയായാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിമുടി ജാനാധിപത്യവല്‍ക്കരിക്കപ്പെടുന്ന ഒരു പ്രക്രിയയ്ക്കായിരിക്കും നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
കേരളത്തിലെ ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം പ്രശ്നമായിട്ടല്ല ഇതിനെ സമീപിക്കേണ്ടതെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ