കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിന് പിന്നാലെ വിദേശത്തേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തും. രാവിലെ ഒമ്പതരയോടെ കൊച്ചിയില്‍ തിരിച്ചെത്തുമെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറഞ്ഞിരിക്കുന്നത്.
തുടര്‍ന്ന് സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്.
വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി അന്വേഷണ സംഘത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തുകയാണ് നിലവില്‍ പ്രധാനപ്പെട്ട കാര്യം. വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാന്‍ ആണോ എന്നായിരുന്നു കോടതി ചോദ്യം.
പ്രതിയെ ഒരു മാസമായിട്ടും പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വിജയ് ബാബു നാട്ടിലെത്തേണ്ടതുണ്ട്, പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പ്രധാനം.
ഇവിടുത്തെ നിയമ സംവിധാനത്തിന് വിജയ് ബാബു വിധേയമാകട്ടെ. പൊലീസിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ ഉള്ളതല്ല കോടതി. സാധാരണക്കാരന്റെ ജീവനും സ്വാതന്ത്ര്യം സംരക്ഷിക്കാനാണെന്നും കോടതി വ്യക്തമാക്കി.
പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ ദിവസം വിജയ് ബാബു നാട്ടിലേക്ക് തിരിച്ചു വരാനൊരുങ്ങിയെങ്കിലും പിന്നീട് ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയത്.
പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ