ദില്ലി: പഞ്ചാബി ഗായകനും (punjabi singer) കോൺഗ്രസ് നേതാവുമായ (congress leader) സിദ്ദു മൂസൈവാലയുടെ (sidhu moose wala) കൊലപാതകത്തിൽ ആറുപേർ കസ്റ്റഡിയിൽ. പഞ്ചാബ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് മൂസൈവാലയുടെ കൊലപതകവുമായി ഏത് രീതിയിലുള്ള ബന്ധമാണുള്ളതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഇതിനിടെ, മൂസൈവാലയുടെ പോസ്റ്റുമോർട്ടം നടപടികൾ വൈകുകയാണ്. നടപടികൾക്ക് ബന്ധുക്കൾ അനുവാദം നൽകതാത്തതാണ് കാരണം. കൊലപാതകത്തിൽ എൻഐഎ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതേതുടർന്ന് മൂസൈവാലയുടെ കുടുംബവുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തുകയാണ്. കൊലപാതകത്തെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാൻസയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
കൊലപാതകത്തിൽ പഞ്ചാബ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പഞ്ചാബ് പൊലീസ് പറയുന്നത്. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ അംഗമായ കാനഡയിൽ താമസിക്കുന്ന ലക്കി ഉത്തരവാദിത്തം ഏറ്റെടുത്തെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം സിദ്ദു മൂസൈവാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസൈവാല വെടിയേറ്റ് മരിച്ചത്. മാൻസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയായിരുന്നു ആക്രമണം. കാറിന് നേരെ ആക്രമികൾ മുപ്പത് റൗണ്ട് വെടിവച്ചു. ആക്രമണത്തിൽ രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു.
ഇതിനുപിന്നാലെ കൊലപാതകത്തിൽ എഎപി സർക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. സംഭവത്തിന് ഉത്തരവാദി ഭഗവന്ത് മാനാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് പിസിസി അധ്യക്ഷൻ ആരോപിച്ചു. അതേസമയം അധിക സുരക്ഷ മാറ്റിയെങ്കിലും ഒപ്പം നൽകിയിരുന്ന രണ്ട് ഗൺമാൻമാരെ കൂട്ടാതെയാണ് മൂസൈവാല സഞ്ചരിച്ചതെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്.
ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ