കൊച്ചി: ബലാത്സംഗ പരാതിയില്‍ നടനും നിർമ്മാതാവുമായ വിജയ് ബാബുവില്‍ (Vijay Babu) നിന്ന് താരസംഘടനയായ 'അമ്മ' വിശദീകരണം തേടി. തുടർ നടപടി ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. വിജയ് ബാബുവിന്റെ വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യും. തുടർനടപടികളെക്കുറിച്ച് സംഘടന നിയമോപദേശം തേടിയിട്ടുണ്ട്.
അതേസമയം, വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിൽ ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. അറസ്റ്റ് ചെയ്യാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകും. വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
നടൻ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ വേനലവധിയ്ക്ക് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് പ്രത്യേക നിർദ്ദേശമൊന്നും ഇല്ലാത്തതിനാൽ അറസ്റ്റിന് തടസ്സമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ച് കൊണ്ടുവരാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ദുബായിലേക്ക് പോകാതെ തന്നെ നടനെ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. ഇതിനിടെ വിജയ് ബാബുവിനെതിരായ സമൂഹ മാധ്യമത്തിലൂടെയുള്ള മീ ടൂ ആരോപണത്തിൽ പരാതിക്കാരിയെ കണ്ടെത്താൻ പ്രത്യേക സൈബർ ടീം പരിശോധന തുടങ്ങി. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫേസ്ബുക്ക് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്.
നടിയുടെ പരാതിയിൽ കേസെടുക്കാൻ വൈകിയെന്ന ആരോപണം പൊലീസ് നിഷേധിച്ചു. കഴിഞ്ഞ 22നാണ് പരാതി ലഭിച്ചത്. അന്ന് തന്നെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിന് പിന്നാലെ ഫോൺ ഓഫ് ചെയ്ത് മുങ്ങിയ വിജയ് ബാബു ഗോവ, ബെഗലൂരു വഴി ദുബയിലേക്ക് കടക്കുകയായിരുന്നു. ഒളിവിലുള്ള നടൻ കേസിലെ ഇരയെയോ സാക്ഷികളെയോ സ്വാധിനിക്കാൻ ശ്രമിച്ചാൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പുതിയ മീ ടൂ ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
പുതിയ മീ ടൂ ആരോപണത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങിട്ടുണ്ട്. വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്. ഇതാരെന്ന് കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചിട്ടുണ്ട്. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫേസ്ബുക്ക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനും തയ്യാറെങ്കിൽ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനുള്ള നടപടികളും പൊലീസ് ഉടൻ തുടങ്ങും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ