ഒട്ടാവ: റഷ്യയുടെ ഉക്രൈന്‍ അധിനിവേശവും അവിടെ നടത്തിയ ആക്രമണങ്ങളും വംശഹത്യയാണെന്ന് പ്രമേയം പാസാക്കി കാനഡ. കാനഡ നിയമനിര്‍മാണസഭയാണ് ബുധനാഴ്ച പ്രമേയം പാസാക്കിക്കൊണ്ട് വോട്ട് ചെയ്തത്.
റഷ്യ മനുഷ്യരാശിക്ക് നിരക്കാത്ത യുദ്ധകുറ്റകൃത്യങ്ങള്‍ ഉക്രൈനില്‍ ചെയ്തു, എന്നതിന് തെളിവുകളുണ്ടെന്നും കനേഡിയന്‍ പാര്‍ലമെന്റംഗങ്ങള്‍ വ്യക്തമാക്കി.
‘ദ കനേഡിയന്‍ ഹൗസ് ഓഫ് കോമണ്‍സ്’ ആയിരുന്നു പ്രമേയത്തിലൂടെ ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്തിയത്. കൂട്ട ആക്രമണങ്ങള്‍, മനപൂര്‍വം ഉക്രൈന്‍ പൗരന്മാരെ കൊല്ലുക, മൃതദേഹങ്ങളോട് അനാദരവ് കാണിക്കുക, കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുക എന്നീ കുറ്റകൃത്യങ്ങള്‍ റഷ്യ ചെയ്തതായും കനേഡിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
നേരത്തെ ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങളെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വംശഹത്യയെന്ന് വിശേഷിപ്പിച്ചപ്പോള്‍ അതിനെ പിന്തുണച്ചുകൊണ്ട് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു.
റഷ്യക്ക് മേല്‍ വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലൊന്നു കൂടിയാണ് കാനഡ.
അതേസമയം, വംശഹത്യ എന്ന പേരില്‍ വിവിധ ലോകരാജ്യങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നതിനെ റഷ്യന്‍ വൃത്തങ്ങള്‍ നിഷേധിക്കുന്നുണ്ട്. തങ്ങള്‍ ഉക്രൈനില്‍ നടത്തുന്നത് ‘സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്‍’ മാത്രമാണെന്നാണ് റഷ്യയുടെ വാദം.
ഉക്രൈനെ ഉപയോഗിച്ച് റഷ്യയെ ഭീഷണിപ്പെടുത്താനാണ് യു.എസിന്റെ ശ്രമമെന്നും അതുകൊണ്ട് ഈ മിലിറ്ററി ഓപ്പറേഷന്‍ അത്യാവശ്യമായിരുന്നെന്നുമാണ് റഷ്യ പറയുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ