ലണ്ടന്‍: കാലാവസ്ഥ വ്യതിയാനം കൂടുതല്‍ വൈറസുകളുടെ ഉത്ഭവത്തിലേക്ക് നയിക്കുമെന്ന് പഠനം. ആഗോള താപനത്തിലൂടെ മൃഗങ്ങള്‍ തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്നും നീങ്ങുന്നതാണ് വൈറസുകള്‍ വ്യാപകമാകുന്നതിലേക്ക് നയിക്കുന്നതെന്ന് ബ്രിട്ടീഷ് വീക്കിലിയായ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളെ തണുപ്പുള്ള പ്രദേശങ്ങളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാക്കും. അവിടെ മറ്റ് ജീവജാലങ്ങളുമായുള്ള ഇവരുടെ സംഘര്‍ഷം പുതിയ വൈറസുകള്‍ മനുഷ്യരെ ബാധിക്കാനുള്ള സാധ്യത വളരെയധികം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മനുഷ്യനിലേക്ക് കടക്കാന്‍ ശേഷിയുള്ള 10,000 വൈറസുകളെങ്കിലും സസ്തനികള്‍ക്കിടയില്‍ നിശബ്ദമായി പ്രചരിക്കുന്നുണ്ട്. ഇവ കൂടുതലും ഉഷ്ണമേഖലാ വനങ്ങളുടെ ഉള്ളിലാണ്. 2070 ഓടെ മൃഗങ്ങള്‍ക്കിടയില്‍ കുറഞ്ഞത് 15,000 പുതിയ വൈറസുകളെങ്കിലും ഉണ്ടാകും.
അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പഠനത്തില്‍ 3,139 ഇനം സസ്തനികളെയാണ് പരിശോധിച്ചത്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഇവയുടെ മാറ്റങ്ങളെ ആഗോളതാപനം എങ്ങനെ മാറ്റുമെന്നും അത് വൈറസുകളുടെ സംക്രമണത്തെ എങ്ങനെ ബാധിക്കുമെന്നും പഠനം വിശകലനം ചെയ്തു.
വ്യത്യസ്ത സസ്തനികള്‍ തമ്മിലുള്ള പുതിയ സമ്പര്‍ക്കങ്ങളുടെ ഫലം ഇരട്ടിയാകുമെന്നും ഗവേഷകര്‍ പറയുന്നു. ഇത് ലോകത്ത് എല്ലായിടത്തും സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കിലും പ്രത്യേകിച്ച് ഉഷ്ണമേഖലാ ആഫ്രിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും കൂടുതല്‍ കേന്ദ്രീകരിക്കപ്പെടും.
ആഗോളതാപനം മൂലമുണ്ടാകുന്ന വൈറസുകളുടെ ആദ്യ സമ്പര്‍ക്കങ്ങള്‍ കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ സംഭവിക്കാനാണ് സാധ്യത. ഇവിടെ നിന്നും ലോകമാകെ പടരാനും ചില വൈറസുകള്‍ക്കാകും.
സഹേല്‍, എത്യോപ്യന്‍ ഹൈലാന്‍ഡ്‌സ്, റിഫ്റ്റ് വാലി, ഇന്ത്യ, കിഴക്കന്‍ ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ചില യൂറോപ്യന്‍ ജനസംഖ്യാ കേന്ദ്രങ്ങള്‍ എന്നിവ ഹോട്ട് സ്‌പോട്ടുകളില്‍ ഉള്‍പ്പെടുന്നുവെന്ന് പഠനം കണ്ടെത്തി. കൊവിഡ് മഹാമാരി ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ഗവേഷണം പൂര്‍ത്തിയായത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ