ന്യൂദല്‍ഹി: ബി.ജെ.പി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
സ്റ്റാലിന്‍ മുന്‍കൈ എടുത്ത് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനാണ് സ്റ്റാലിനെന്നും യെച്ചൂരി പറഞ്ഞു.
പ്രതിപക്ഷപാര്‍ട്ടികളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഏപ്രില്‍ രണ്ടിന് നടക്കുന്ന ഡി.എം.കെയുടെ ദല്‍ഹി ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷപാര്‍ട്ടികളുടെ സംഗമത്തിന് വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ഇടതുനേതാക്കള്‍ തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന.
അടുത്തിടെ ചെന്നൈയില്‍ നടന്ന സ്റ്റാലിന്റെ ആത്മകഥാപ്രകാശനച്ചടങ്ങില്‍ രാഹുല്‍ ഗാന്ധിയായിരുന്നു മുഖ്യാതിഥി. കേരളമുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബിഹാര്‍ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ ഇത് ട്രെയിലറാണെന്നും സിനിമ പിന്നാലെ വരുമെന്നുമാണ് ഡി.എം.കെ നേതാവ് കനിമൊഴി എം.പി പറഞ്ഞത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ