വാഷിങ്ടണ്‍: ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ തള്ളി യു.എസ്. യു.എസിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
തങ്ങളുടെ ഒരു ഉദ്യോഗസ്ഥരും ഏജന്‍സികളും രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാകിസ്ഥാനിലേക്ക് കത്തയച്ചിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയതായി പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിലും അവിടുത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. ആരോപണം തെളിയിക്കാന്‍ തന്റെ കയ്യില്‍ കത്തുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസറുമായി നടത്തിയ അനൗദ്യോഗിക സംഭാഷണം സംബന്ധിച്ച് യു.എസിലെ പാകിസ്ഥാന്‍ അംബാസിഡര്‍ അയച്ച ടെലഗ്രാം സന്ദേശം ചൂണ്ടിക്കാണിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം.
ഇതോടെയായിരുന്നു യു.എസിന് മേല്‍ സംശയം വീണത്. എന്നാല്‍ ഇത്തരത്തില്‍ ഒരു കത്തും അയച്ചിട്ടില്ലെന്ന് യു.എസ് വ്യക്തമാക്കി.
പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഈദ് യൂസുഫ്, മുന്‍ ഡി.ജി ലഫ്. ജനറല്‍ ഫായിസ് ഹമീദ് എന്നിവരുടെ ധാര്‍ഷ്ട്യവും അപക്വവുമായ നടപടികളാണ് ഇമ്രാന്റെ പതനത്തിന് കാരണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടി.
റഷ്യ ഉക്രൈന്‍ അധിനിവേശം ആരംഭിച്ച ദിവസം ഇമ്രാന്‍ ഖാന്‍ മോസ്‌കോ സന്ദര്‍ശിക്കുകയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
റഷ്യക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ അമേരിക്കയെ ചൊടിപ്പിച്ചുണ്ടാകുമെന്നും അതുകൊണ്ട് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക ശ്രമം നടത്തിയെന്നുമായിരുന്നു ഇതോടെ പുറത്തുവന്ന വിലയിരുത്തലുകള്‍. ഇതാണ് യു.എസ് നിഷേധിച്ചിരിക്കുന്നത്.
അതേസമയം, ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ കഴിഞ്ഞ ദിവസവും നടന്നില്ല. നാഷണല്‍ അസംബ്ലി ഏപ്രില്‍ മൂന്നാം തീയതി വരെ പിരിഞ്ഞതിനാലാണ് ചര്‍ച്ച വ്യാഴാഴ്ചയും നടക്കാതിരുന്നത്.
വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സഭ പിരിഞ്ഞത്. പ്രമേയത്തിലുള്ള ചര്‍ച്ച ഞായറാഴ്ച നടക്കും.
രാജ്യം സങ്കീര്‍ണമായ ഘട്ടത്തിലാണെന്നും താന്‍ രാജിവെക്കാനൊരുക്കമല്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നാഷണല്‍ അസംബ്ലി പിരിഞ്ഞതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതികരണം.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു പ്രതിപക്ഷമായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്ഥാന്‍ (എം.ക്യു.എം.പി) ധാരണയിലെത്തിയത്.
342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണ നേടേണ്ടതുണ്ട്.
ഭരണകക്ഷിയായ ഇമ്രാന്‍ ഖാന്റെ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിക്ക് 155 സീറ്റുകളാണുള്ളത്. 2018ല്‍ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് 179 അംഗങ്ങളുമായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്.
എം.ക്യു.എം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ സര്‍ക്കാരിന് 164 പേരുടെ പിന്തുണയാണുള്ളത്. ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ