തൃശൂര്‍: മതത്തിന്റെ പേരില്‍, ഹിന്ദുവല്ലെന്ന കാരണം ചൂണ്ടിക്കാട്ടി, കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്നും ഭരതനാട്യ നര്‍ത്തകി മന്‍സിയയെ വിലക്കിയ ക്ഷേത്ര ഭാരവാഹികളുടെ നടപടിയില്‍ പ്രതിഷേധവുമായി കലാകാരികള്‍.
അഞ്ജു അരവിന്ദ്, ദേവിക സജീവന്‍ എന്നീ ഭരതനാട്യം കലാകാരികളാണ് മന്‍സിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച തങ്ങളുടെ നൃത്തപരിപാടിയില്‍ നിന്നും പിന്മാറിയത്. പരിപാടിയില്‍ നിന്നും പിന്മാറുന്ന കാര്യം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇവര്‍ പുറത്തുവിട്ടത്.
അവഗണന നേരിട്ട മറ്റ് കലാകാരികളോടൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും അതിനാല്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറുന്നു എന്നുമാണ് ദേവിക സജീവന്‍ വ്യക്തമാക്കിയത്.
”നമസ്‌കാരം, നിര്‍ഭാഗ്യകരമായ കാര്യങ്ങള്‍ നേരിട്ട കലാകാരികള്‍ക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനാല്‍, ഏപ്രില്‍ 24ന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടത്തേണ്ടിയിരുന്ന ഡാന്‍സ് ഫെസ്റ്റിവലില്‍ പെര്‍ഫോം ചെയ്യുന്നതില്‍ നിന്നും പിന്മാറുവാന്‍ ഞാന്‍ തീരുമാനിച്ചു,” ദേവിക സജീവന്‍ കുറിച്ചു.
എന്നാല്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത് ഉള്‍പ്പെടെ നിരവധി കാരണങ്ങളാണ് താന്‍ ക്ഷേത്രത്തിലെ പരിപാടിയില്‍ നിന്നും പിന്മാറാന്‍ കാരണം എന്നാണ് അഞ്ജു അരവിന്ദ് കുറിച്ചത്.
”അതെ, ഏപ്രില്‍ 21ന് നടക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ നൃത്തം അവതരിപ്പിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരിക്കുന്നു,” അഞ്ജു അരവിന്ദ് കുറിച്ചു.
പരിപാടിയില്‍ നിന്നും പിന്മാറാനുള്ള കാരണങ്ങളും കലാകാരി വ്യക്തമായി കുറിപ്പില്‍ പ്രതിപാദിക്കുന്നുണ്ട്. ക്ഷേത്ര ഭാരവാഹികളുടെ മതം നോക്കിയുള്ള വര്‍ഗീയ നിലപാടുകളാണ് കാരണമായി പറയുന്നത്. ഒപ്പം പ്രതിഫലത്തിലടക്കമുള്ള അനീതിയെക്കുറിച്ചും കലാകാരി പറയുന്നു.
”ഇങ്ങനെ ഒരു തീരുമാനത്തിലേക്കെത്താന്‍ പലകാരണങ്ങള്‍ ഉണ്ട്.
കൂടല്‍മാണിക്യം കമ്മിറ്റിയുടെ നിബന്ധനകളില്‍ പറയുന്ന പോലെ, അഹിന്ദുക്കളെ പ്രവേശിപ്പിക്കാന്‍ പാടില്ല എന്ന ‘പുരാതനമായ’ നിയമം ഉണ്ടെന്നിരിക്കെ മന്‍സിയയുടെ അപേക്ഷ ആദ്യം പരിഗണിച്ച്, ഫോട്ടോ ഉള്‍പ്പെടെ മറ്റ് വിശദാംശങ്ങള്‍ വാങ്ങി പ്രിന്റ് ചെയ്ത് പുറത്തിറക്കി, പിന്നീട് മതവിശ്വാസിയല്ല എന്ന ഒറ്റക്കാരണം കൊണ്ട് അവസരം നിഷേധിച്ചത്.
പ്രോഗ്രാം ഉറപ്പുവരുത്താന്‍ പോയ എന്റെ സുഹൃത്തിനോട് ‘ഞാന്‍ ഹിന്ദു ആണ്’ എന്ന് (എന്റെ ഫോം ഉള്‍പ്പെടെ) എഴുതി ഒപ്പിടാന്‍ പ്രേരിപ്പിച്ചത്.
‘സമര്‍പ്പണ’ കലാപരിപാടിയില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നിബന്ധനകളും കാരണങ്ങളും പറഞ്ഞ് പക്കമേള കലാകാരന്മാരെ ഒഴിവാക്കുന്നത്. എന്നാല്‍ ഈ നിബന്ധനകള്‍ ഒന്നും കഴിഞ്ഞ വര്‍ഷങ്ങളിലെ നൃത്തോത്സവങ്ങളില്‍ ഉണ്ടായിരുന്നുമില്ല.
കൂടാതെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി കലാകാരന്മാരെ തെരഞ്ഞെടുത്തതിന് ശേഷം ‘അവരുടേതായ’ കാരണങ്ങള്‍ പറഞ്ഞ് അവസരം നിഷേധിച്ചു, എന്നാണ് അറിയാന്‍ സാധിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ മികവ് കൊണ്ടുതന്നെയാണ് വളര്‍ന്നുവരുന്ന മറ്റ് കലാകാരന്മാരെ പോലെ ഞാനും അപേക്ഷ അയച്ചതും അവസരം ലഭിച്ചപ്പോള്‍ പക്കമേളക്കാര്‍ക്കുള്ള പ്രതിഫലം പോലും സംഘാടകര്‍ നല്‍കില്ല എന്നറിഞ്ഞിട്ടും നൃത്തപരിപാടി ചെയ്യാന്‍ ആഗ്രഹിച്ചതും അതിനായി പ്രയത്‌നിച്ചതും. എന്നാല്‍ നിബന്ധനകള്‍ വെച്ച് വെച്ച്, ഞാന്‍ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.
ഒരു കലാകാരി എന്ന നിലയില്‍, കലയ്ക്ക് ജാതിയും മതവും ഇല്ല എന്ന പൂര്‍ണ ബോധ്യത്താല്‍, കല അവതരിപ്പിക്കാന്‍ ‘ഹിന്ദുവാണ്’ എന്ന് എഴുതി സമ്മതിച്ച്, ആ വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല.
അതുകൊണ്ട് ഞാന്‍ ഈ അവസരം ബഹിഷ്‌കരിക്കുന്നു,” അഞ്ജു അരവിന്ദ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മന്‍സിയയുടെ ചാര്‍ട്ട് ചെയ്ത ഭരതനാട്യം പരിപാടി കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍ റദ്ദാക്കിയത്.
അഹിന്ദുവായതുകൊണ്ടാണ് ഉത്സവത്തില്‍ നൃത്തം ചെയ്യാന്‍ സാധിക്കാത്തതെന്ന് അധികൃതര്‍ അറിയിച്ചതായി മന്‍സിയ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരില്‍ വെച്ചും തനിക്ക് ഇതേ അനുഭവമുണ്ടായിരുന്നെന്നും മന്‍സിയ പറഞ്ഞിരുന്നു.
മന്‍സിയ ശ്യാം എന്ന പേരില്‍ അപേക്ഷ നല്‍കിയപ്പോള്‍ അംഗീകരിക്കുകയും പിന്നീട് അവര്‍ ഹിന്ദുമതത്തില്‍പ്പെട്ടയാളല്ലെന്ന് മനസിലായപ്പോള്‍ അംഗീകാരം പിന്‍വലിക്കുകയും ചെയ്തു എന്നായിരുന്നു ക്ഷേത്ര ഭരണസമിതി നല്‍കിയിരുന്ന വിശദീകരണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ