നടി ഭാവനയെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഉദ്‌ഘാടന വേദിയിൽ ക്ഷണിച്ചതിനു ശേഷം നടൻ ദിലീപുമായി (actor Dileep) വേദി പങ്കിട്ട് സംവിധായകൻ രഞ്ജിത്ത് (director Ranjith). എക്സിബിറ്റേഴ്സ് സംഘടനയായ ഫിയോക്കിന്റെ (FEUOK) സമ്മേളനത്തിലാണ് ഇരുവരും ഒരേ വേദിയിൽ എത്തിയത്. ഇതിനു നേരെ ഉയർന്ന വിമർശനങ്ങളോട് രഞ്ജിത്ത് പ്രതികരിച്ചു.
"ഞാൻ ദിലീപിന്റെ വീട്ടിൽ പോയതല്ല. പോയാലും അതിൽ തെറ്റു കാണുന്നില്ല. ഫിയോകിന്റെ പ്രതിനിധികളാണ് തന്നെ ക്ഷണിച്ചത്. ഞാൻ കയറുന്ന വിമാനത്തിൽ ദിലീപ് ഉണ്ടെങ്കിൽ അതിൽ നിന്ന് എടുത്ത് ചാടണോ? സർക്കാറിന്റെ മുഖം ആണെങ്കിലും സിനിമാ പ്രവർത്തകരുമായുള്ള ബന്ധം തുടരും. അതിനുള്ള സ്വാതന്ത്ര്യം സർക്കാർ നൽകിയിട്ടുണ്ട്," രഞ്ജിത്ത് വ്യക്തമാക്കി.
അതിജീവിത പങ്കെടുത്ത IFFK ഉദ്ഘാടന ചടങ്ങിന് ശേഷം 2017ൽ കേസിൽ റിമാൻഡിൽ ആയപ്പോൾ ദിലീപിനെ കാണാൻ ആലുവ സബ് ജയിലിൽ എത്തിയ വിഷയത്തിലും രഞ്ജിത്ത് വിമർശനം നേരിട്ടിരുന്നു. സന്ദർശനം 'യാദൃശ്ചികം' ആയിരുന്നു എന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം. അതേസമയം, ചടങ്ങിനിടെ, അക്കാദമിയുടെ തലവനാകാൻ ഏറ്റവും അനുയോജ്യൻ രഞ്ജിത്താണെന്ന് ദിലീപ് പ്രശംസിച്ചു.
തിയേറ്റർ ഉടമകളുടെ പ്രശ്‌നങ്ങൾ സർക്കാരിന് മുന്നിൽ കൊണ്ടുവന്നിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. കേരള സാംസ്‌കാരിക ക്ഷേമ വികസന ബോർഡ് ചെയർമാൻ മധുപാലും യോഗത്തിൽ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ