"പിതാവിന്റെ കരങ്ങളിലൂടെ മിസ്ബാഹ് മോന്റെ പടയോട്ടം" എസ് കെ എസ് എസ് എഫ് അടൂർ ശാഖാ കമ്മിറ്റിയുടെ സ്നേഹോപഹാരം
കാസറഗോഡ്: നിരവധി കലകൾ കണ്ടും കേട്ടും ആസ്വദിച്ചും അവഗണിച്ചും വീർപ്പുമുട്ടിയ നമ്മുടെ മാമലനാട്ടിൽ പഠനത്തോടൊപ്പം കാലികപ്രസക്തിയുള്ള ഷോർട്ട് ഫിലിം, മാപ്പിളപ്പാട്ട്, താരാട്ട് പാട്ട്, കൂടാതെ യൂട്യൂബ് ബ്ലോഗിലും മികവ് തെളിയിച്ച മിസ്ബാഹ് കഴിഞ്ഞ ദിവസം നടന്ന മുസാബഖ ജില്ലാ ഇസ്ലാമിക കലാമേളയിൽ ജൂനിയർ വിഭാഗം കലാ പ്രതിഭയാണ്. കുരുന്നു പ്രതിഭകളെ അനുമോദിക്കാൻ എത്തിയ എസ്.കെ.എസ്.എസ്.എഫ് അടൂർ ശാഖ പ്രവർത്തകർ അസീസ് ട്രെൻഡ് അടക്കമുള്ള രക്ഷിതാക്കളെയും മറന്നിട്ടില്ല എന്നതാണ് പ്രത്യേകത.
മാറിയ കാലത്ത് മത ബോധത്തോടൊപ്പം കലാബോധവും കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ തെളിയുന്നത്. സമസ്തയുടെ തികച്ചും ആരോഗ്യപരമായ ഈ കാഴ്ചപ്പാട് പുതിയ ഒരു മാറ്റത്തിന്റെ തുടക്കമായി എന്നത് ശ്ലാഘനീയം തന്നെയാണ്. കല എന്നാൽ വെറും പേക്കൂത്തുകൾ ആണെന്ന് ധരിച്ചു വശായിരുന്ന കാലത്തിൽ നിന്നും മാറിയ ചിന്താഗതിയും പുതിയ പ്രതിഭകളെ അതിലൂടെ വളർത്തിയെടുക്കുവാൻ ഉള്ള ശ്രമവും പാരമ്പര്യമായി നിലനിൽക്കുന്ന ചില അതിർവരമ്പുകൾക്ക് ഒരു വേറിട്ട മാറ്റം തന്നെയാണ്. മതവും കലാബോധവും സാഹിത്യവും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരിൽ പകർന്നു കൊടുത്താൽ ഇന്ന് സമുദായത്തിൽ നിലനിൽക്കുന്ന പല അബദ്ധധാരണകളും തെറ്റിദ്ധാരണകളും മാറ്റുവാനും അതുവഴി പുതിയൊരു വെളിച്ചം വരും തലമുറകൾക്കായി തുറന്നു കൊടുക്കുവാനും തീർച്ചയായും സമസ്ത പോലുള്ള ഒരു വലിയ പ്രസ്ഥാനത്തിന് സാധിക്കും. മിസ്ബാഹിന്റെ ബാപ്പ അസീസ് ട്രെന്റ് ഒരു കലാകാരനും സ്കൂൾ ജീവിതം തൊട്ട് ഒരുപാട് വേദികളിൽ തന്റെതായ കഴിവുതെളിയിച്ച വ്യക്തിയുമാണ്. പിതാവിന്റെ അകമഴിഞ്ഞ പ്രോത്സാഹനത്തിന് അദ്ദേഹത്തെ ആദരിച്ചു കൊണ്ട് അവാർഡ് നൽകിയത് എടുത്ത് പറയേണ്ട കാര്യമാണ്. ഇത് മറ്റുള്ളവർക്കും കൂടി പ്രചോദനമായിത്തീരട്ടെ. മദ്രസകളിൽ മാത്രമല്ല വീട്ടുകാരുടെയും പൂർണ്ണ പിന്തുണ എല്ലാ കാര്യങ്ങളിലും ഈ മകന് കിട്ടിയിട്ടുണ്ട്.. അതിന്റെ തെളിവാണ് ഈ മിന്നുന്ന വിജയം. പ്രായത്തിനെക്കാളും മികച്ച പ്രകടനവും പക്വതയും കാണിച്ച ഈ കുഞ്ഞു താരം നാളത്തെ പ്രതീക്ഷ കൂടിയാണ്. അടൂർ ഹിമായത്തുൽ ഇസ്ലാം മദ്രസയ്ക്കും നാട്ടുകാർക്കും സ്മാർട്ട് ബോയ് മിസ്ബാഹിന്റെ ഈ പുരസ്കാരത്തിൽ ഏറെ അഭിമാനിക്കാം..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ