'തിരുവനന്തപുരത്ത് ഒരു മേയര്‍ ഉണ്ട്, അതിന് ഒരു വിവരവുമില്ലെന്ന് ഇപ്പോള്‍ മനസിലായി'; ആര്യ രാജേന്ദ്രനെതിരെ വീണ്ടും പരിഹാസവുമായി കെ.മുരളീധരന്‍
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ വീണ്ടും പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരന്‍. മേയര്‍ക്ക് വിവരം ഇല്ലാത്തതിനാലാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതെന്നും ഇതൊന്ന് പറഞ്ഞു കൊടുക്കാന്‍ തക്ക ബുദ്ധിയുള്ള ഒരുത്തനും സി.പി.ഐ.എമ്മില്‍ ഇല്ലെയെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം.
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് സാധാരണ വാഹനം ഇടിച്ചുകയറ്റിയാല്‍ സ്‌പോടില്‍ വെടിവച്ച് കൊല്ലുകയാണ് സുരക്ഷാ സേന ചെയ്യുകയെന്നും മുരളീധരന്‍ പറഞ്ഞു.‘തിരുവനന്തപുരത്ത് ഒരു മേയര്‍ ഉണ്ട്. അതിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. പക്ഷേ ഇപ്പോള്‍ ഒരു കാര്യം മനസിലായി. അതിന് വിവരവും ഇല്ലെന്ന്. ആരെങ്കിലും ചെയ്യുമോ ? രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയാണ്. ഹോണടിച്ചിട്ട്. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറിയാല്‍ സ്പോട്ടില്‍ വെടിവയ്ക്കുകയാണ് ചെയ്യുന്നത്. ‘കീ’ന്നു ഹോണടിച്ച് കയറിയാല്‍, ‘ഠേ’ന്നുള്ള മറുപടിയായിരിക്കും കിട്ടുക. ഇതൊന്ന് പറഞ്ഞു കൊടുക്കാന്‍ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സി.പി.ഐ.എമ്മില്‍ ഇല്ലേ’ എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.നേരത്തെയും സമാനമായ രീതിയില്‍ മുരളീധരന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ചിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ അധിക്ഷേപം.
‘എം.പി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന മേയര്‍ കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത്.കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ്’ ഇതെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.തുടര്‍ന്ന് കെ.മുരളീധരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനവും കടക്കാന്‍ പോയത്.
അബദ്ധത്തില്‍ പറ്റിയ പിഴവെന്നാണ് മേയറോട് അടുത്ത വൃത്തങ്ങള്‍ സംഭവത്തില്‍ പ്രതികരിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ