പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. അതേസമയം എക്സൈസ് ഡ്യൂട്ടിയിലുള്ള വര്‍ധനവ് ചില്ലറ വില്‍പ്പന വിലയെ ബാധിക്കില്ലെന്ന് ഓയില്‍ മന്ത്രാലയം വ്യക്തമാക്കി. വര്‍ധിപ്പിച്ച എക്സൈസ് ഡ്യൂട്ടി രാജ്യാന്തര എണ്ണവിലയിലുണ്ടായ കുറവുമായി പെരുത്തപ്പെടുന്നതിനാലാണ് ചില്ലറവിലയെ ബാധിക്കാത്തത്. എണ്ണ വില വര്‍ധിക്കില്ലെന്ന് പൊതുമേഖലാ എണ്ണ കമ്പനികളും വ്യക്തമാക്കി. രാജ്യാന്തര എണ്ണവിലയിലെ തുടർച്ചയായ ഏറ്റക്കുറച്ചിലുകള്‍ക്കിടെ വരുമാനം വര്‍ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാര്‍ ലക്ഷ്യം.
ദില്ലി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. മാസത്തിൽ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.